( മീഡിയ വണ്‍ വെബിൽ പ്രസിദ്ധീകരിച്ച കഥ )
അന്ന് എനിക്ക് ഒരുപാട് അത്ഭുതങ്ങള്‍ നിറഞ്ഞ ഒരു ദിവസം ആയിരുന്നു. രാവിലെ എഴുന്നേറ്റ് മുഖം ഒക്കെ കഴുകി ഉമ്മാടെ അടുത്ത് പോയപ്പോള്‍ ഉമ്മ വേഗം ഒരു ചെറിയ പത്തിരി ചുട്ട് എന്റെ കുഞ്ഞു സ്റ്റീല്‍ പാത്രത്തില്‍ വെച്ചു തന്നു.
ഉമ്മ:"മോന് കഴിച്ചോളൂ ട്ടൊ"
ഞാന്‍ അത്ഭുതത്തോടെ ഉമ്മാടെ മുഖത്ത് നോക്കി. എന്നും ഞാനും ഉമ്മയും ഉപ്പയും ഇക്കയും ഇതാത്തമാരും വെല്ല്യുമ്മയും ഒക്കെ കൂടി ഒരുമിച്ചാണ് ഭക്ഷണം കഴിക്കാറ്.എന്നാല്‍ ഇന്ന് മാത്രം എന്താ ഇങ്ങനെ?? എല്ലാവരും കൂടി ഇനി എന്നെ കൂട്ടാതെ കഴിച്ചു കാണുമോ??
"ഉമ്മാ,ഇക്കയും ഇതാത്തമാരും ഒക്കെ കഴിച്ചു കഴിഞ്ഞോ???"ഞാന്‍ ഒരല്പം സങ്കടത്തോടെ ചോദിച്ചു.
ഉമ്മ:"ഇല്ലെട,ഇന്ന് ഇവിടെ എല്ലാവര്ക്കും നോമ്പ് ആണ്"ഉമ്മ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.
"നോമ്പോ??എന്ന് പറഞ്ഞാ എന്തുവാ ഉമ്മാ ??"
ഉമ്മ:"അത് ഉമ്മാടെ പണി ഒക്കെ കഴിഞ്ഞിട്ട് പറഞ്ഞു തരാം.ഇപ്പൊ മോന് അത് കഴിച്ചിട്ട് പോയി കളിചോളൂ ട്ടൊ."
ശ്ശെ, ഇങ്ങനെ ഒറ്റക്ക് ഇരുന്ന് കഴിക്കാന്‍ ഒരു രസവും ഇല്ല, എന്നത്തേയും പോലെ എല്ലാവരും കൂടി മേശയ്ക്ക് ചുറ്റും ഇരുന്ന് കഴിക്കാന്‍ എന്തൊരു രസം ആണെന്നോ. ഇടക്കിടെ ഉപ്പയോ ഇക്കയോ ഒക്കെ എന്തെങ്കിലും പറയുമ്പോള്‍ എല്ലാവരും കൂടി ചിരിക്കുന്നത് കാണാം.എന്തിനാണ് എല്ലാവരും കൂടി ഇങ്ങനെ ചിരികുന്നത് എന്നൊന്നും മനസിലായില്ലെങ്കിലും എല്ലാവരുടേയും മുഖത്തുള്ള ആ ചിരി കാണാന്‍ നല്ല രസമാണ്. പക്ഷേ ഇന്ന് മാത്രം എന്താ ഇങ്ങനെ??എന്തായിരിക്കും നോമ്പ് എന്ന് പറയുന്ന സംഗതി??ഒരു എത്തും പിടിയും കിട്ടുന്നില്ല.നോമ്പ് ആണെന്ന് പറഞ്ഞ് എല്ലാവരും കൂടി ഒന്നും കഴിക്കാതെ ഇരുന്നാല്‍ മനുഷ്യന്മാര് മരിച്ച് പോവില്ലെ??ഇന്നാള് ചോറ് കഴിക്കാന്‍ സമ്മതിക്കാഞ്ഞെപ്പോള് വല്യുമ്മ പറഞ്ഞതാ ഒന്നും കഴിക്കാതെ ഇരുന്നാല്‍ മനുഷ്യന്മാര് മരിച്ച് പോവും എന്ന്. എന്നിട്ട് ആ വെല്ല്യുമ്മ പോലും ഇപ്പോള്‍ ഒന്നും കഴിക്കാതെ ഇരികുന്നത് എന്താ??ഒരുപാട് ചോദ്യങ്ങള്‍ മനസില്‍ നിറഞ്ഞു.
പത്തിരി കഴിച്ചു കഴിഞ്ഞ് ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നടക്കുമ്പോളാണ് ഇക്ക ഇരുന്ന് പത്രം വായിക്കുന്നത് കണ്ടത്. ഇനി ഇക്കാനെ ഒന്ന് ദേഷ്യം പിടിപ്പിക്കാം എന്ന് കരുതി ഞാന്‍ അവിടെ കിടന്നിരുന്ന ഒരു കല്ല് എടുത്ത് ഇക്കക്ക് നല്ല ഒരു ഏറ് കൊടുത്തു. ഭാഗ്യത്തിന് കല്ല് കൃത്യം ഇക്കാടെ തലയില്‍ തന്നെ കൊണ്ടു. ഞാന്‍ വേഗം ഓടിയിട്ട് തിരിഞ്ഞ് നോകുമ്പോള്‍ ഇക്ക അവിടെ തന്നെ ഇരുന്ന് തല തുടക്കുന്നതാണ് കണ്ടത്., സാധാരണ ഞാന്‍ പോയി ഇങ്ങനെ എന്തെങ്കിലും കാണിച്ചാല്‍ എന്നെ അടിക്കാന്‍ വേണ്ടി ഇക്ക പിന്നാലെ ഓടി വരാറുള്ളതാണ്. ഇക്ക വന്നിട്ട് എന്നെ അടിക്കാന്‍ വേണ്ടി കൈ ഉയര്‍ത്തുമ്പോഴേക്കും ഞാന്‍"ഉമ്മാ ഇക്ക എന്നെ അടിച്ചു" എന്നും പറഞ്ഞു കരയും.ഉമ്മ ഓടി വന്ന് ഇക്കാനെ അടിക്കും,അടി കിട്ടിയത് തുടക്കുന്ന ഇക്കാനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ച് ഞാന്‍ ഓടും.പക്ഷേ ഇന്ന് മാത്രം എന്താ ഇങ്ങനെ....,ഇക്ക എന്നെ അടിക്കുക പോയിട്ട് ഒന്ന് വഴക്ക് പോലും പറഞ്ഞില്ലല്ലോ.എന്ത് കൊണ്ടായിരിക്കും അത് എന്ന് ആലോചിക്കുമ്പോഴാണ് ഇത്താത്ത ഇരുന്ന് മുടി കെട്ടുന്നത് കണ്ടത്.ഞാന്‍ ഓടി പോയി ഇത്താത്തടെ മുടിയില്‍ പിടിച്ച് വലിച്ചിട്ട് ഓടി,കുറച് ഓടി ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ ഇത്താത്ത "ടാ നിന്റെ കളി കുറച്ചു കൂടുന്നുണ്ട് ട്ടൊ,ഇനി കാണിച്ചാല്‍ ഞാന്‍ നല്ല അടി വെച്ചു തരും" എന്ന് പറഞ്ഞ് ചെറുതായി പുഞ്ചിരിച്ചു.
ശെ ഇവര്‍ക്ക് എല്ലാവര്ക്കും ഇത് എന്തു പറ്റി, ഇന്നലെ വരെ ഇവരൊന്നും ഇങ്ങനെ ആയിരുന്നില്ലല്ലോ.,പെട്ടന്ന് ഒരു ദിവസം കൊണ്ട് ആളുകള്‍ ഇങ്ങനെ മാറുമോ? എന്നൊക്കെ ആലോചിച്ച് നടകുമ്പോള്‍ ആണ് ഉമ്മ പറഞ്ഞ സംഭവം ഓര്‍മ്മ വന്നത്,ഇന്ന് നോമ്പാണ്, അപ്പൊ അതായിരിക്കും കാര്യം.അല്ലെങ്കില്‍ ഇത്താത്തടെ കയ്യില്‍ നിന്നും പിച്ച് നേരത്തെ തന്നെ കിട്ടേണ്ടതായിരുന്നു. എന്നാലും ഈ നോമ്പ് എന്ന് പറഞ്ഞാല്‍ എന്തായിരിക്കും എന്ന് ആലോചിച്ച് നില്കുമ്പോള് ആണ് ഉമ്മ റൂമില്‍ ഇരുന്ന് ഖുര്‍ആന്‍ വായിക്കുന്നത് കണ്ടത്. ഞാന്‍ ഓടി പോയി ഉമ്മാടെ മടിയില്‍ കയറി ഇരുന്നു.
"ഉമ്മാ ഈ നോമ്പ് എന്ന് പറഞ്ഞാല്‍ എന്താ??" ഞാന്‍ ചോദിച്ചു.
ഉമ്മ:"വര്‍ഷത്തില്‍ ഒരു മാസം സൂര്യോദയം മുതല്‍ അസ്തമയം വരെ നമ്മള് ഭക്ഷണം ഒന്നും കഴിക്കാതെ അല്ലാഹുവിനെ ആരാധിച്ഛ് പുണ്യകാര്യങ്ങളൊക്കെ ചെയ്തിട്ട് ഇരിക്കണം, ഈ മാസത്തില്‍ ആണ് ഖുര്‍ആന്‍ അവതരിച്ചത്. ഈ മാസത്തില്‍ നമ്മള് ചെയുന്ന എല്ലാ നല്ല കാര്യങ്ങള്‍ക്കും അല്ലാഹു ഒരുപാട് പുണ്യം തരും.
"അതെന്തിനാ ഉമ്മാ ഭക്ഷണം ഒന്നും കഴിക്കാതെ പുണ്യ കാര്യങ്ങള്‍ ചെയ്യുന്നത്??ഭക്ഷണം കഴിച്ചിട്ടും നമുക്ക് അതൊക്കെ ചെയ്യാലോ??
ഉമ്മ:"കുറച്ചു സമയം നമ്മള് ഭക്ഷണം ഒന്നും കഴിക്കാതെ ഇരുന്നാലെ നമ്മുക്ക് എന്താണ് ശരിക്കും ഉള്ള വിശപ്പ്എന്ന് മനസിലാവൂ....,അപ്പോഴേ നമുക്ക് അല്ലാഹു നല്കിയ ഭക്ഷണത്തിന്റെ വില മനസിലാവൂ.കഴിക്കാന്‍ ഒരു നേരത്തെ ഭക്ഷണം പോലും ഇല്ലാതെ കഴിയുന്ന എത്രയോ ആളുകള്‍ ഉണ്ട്. അവര്‍ ഭക്ഷണം നല്കാന് അല്ലാഹു നമ്മോടു കല്പിച്ചിട്ടുണ്ട്, അവരനുഭവിക്കുന്ന വിശപ്പ് കുറച്ച് ദിവസം എങ്കിലും അനുഭവിച്ചാലല്ലേ അത് എത്ര കടുപ്പം ആണ് എന്ന് നമുക്ക് മനസിലാവൂ.അപ്പോഴല്ലേ നമ്മുക്ക് അടുത്ത വീടുകളിലുള്ള പാവപെട്ടവരെ ഒക്കെ നല്ല മനസ്സോടെ സഹായിക്കാന്‍ തോന്നൂ."
"ഉം അത് ശരിയാ,ഉമ്മാ നോമ്പ് ഉള്ളപ്പോള്‍ ആരെയും പിച്ചാന്പാടില്ലേ??
ഉമ്മ:"പാടില്ലല്ലോ കുട്ടാ...,അങ്ങനെ ആരെങ്കിലും നമ്മെ ഉപദ്രവിക്കാന്‍ വന്നാല്‍ ഞാന്‍ നോമ്പുകാരന് ആണെന്ന് പറഞ്ഞ് അതില്‍ നിന്നു ഒഴിഞ്ഞു മാറണം എന്നാണ് മുത്ത്നബി പഠിപ്പിചിരിക്കുന്നത്.നമ്മള് ആരെയെങ്കിലും ഉപദ്രവിച്ചാല്‍ നോമ്പിന്റെ പുണ്യം നഷ്ട്ടപെടും.
ഓ അപ്പൊ അതാണ് ഇക്കയും താത്തയും ഒക്കെ എന്നെ ഒന്നും ചെയ്യാതിരുന്നത്.

"ഉമ്മാ ഞാനും നാളെ നോമ്പ് എടുത്തോട്ടെ??"
ഉമ്മ:"അയ്യോ മോന്ചെറിയ കുട്ടി അല്ലെ....,മോന്കുറച്ചും കൂടി വലുതായാല്‍ നോമ്പ് എടുക്കാ ട്ടൊ."
“ഞാന്‍ ചെറിയ കുട്ടി ഒന്നും അല്ല,ഞാന്‍ കട്ടിലില്‍ കയറി നിന്നാല്‍ ഉമ്മാടെ അത്രക്ക് നീളം ഉണ്ടല്ലൊ.പിന്നെ ഉമ്മ അല്ലേ ഇന്നാള് ഞാന്‍ ചോറ് മുഴുവന്‍ കഴിച്ചപ്പോള്‍ ഞാന്‍ വലിയ കുട്ടി ആയി എന്ന് പറഞ്ഞത്. പിന്നെ എന്താ ഇപ്പൊ ഞാന്‍ ചെറിയ കുട്ടി ആണെന്ന് പറയുന്നത്...,അപ്പൊ ഇന്നാള് ഉമ്മ നുണ പറഞ്ഞതാണോ??"
എന്റെ ചോദ്യം കേട്ട് ഉമ്മ ചിരിച്ചു കൊണ്ട് എന്നെ കെട്ടിപിടിച്ചു.
ഉമ്മ:"ഉം ശരി,ഞാന്‍ ഉപ്പാട് ചോദിച്ചു നോക്കട്ടെ.ഉപ്പ സമ്മതിച്ചാല്‍ നാളെ നോമ്പ് എടുക്കാം."
എനിക്ക് സന്തോഷമായി, ഉമ്മ പറഞ്ഞാല്‍ ഉപ്പ എന്തായാലും സമ്മതിക്കും. സന്തോഷത്തോടെ ഞാന്‍ തുള്ളി ചാടി. രാത്രി ഉമ്മാടെ കൂടെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഉമ്മ നാളെ നോമ്പ് എടുത്തുകൊള്ളാന്‍ പറഞ്ഞു. ഞാന്‍ സന്തോഷത്തോടെ കണ്ണുകളടച്ച് കിടന്നു. ഉറങ്ങുന്നതിന് ഇടയില്‍ എപ്പോഴോ ഉമ്മ വന്ന് എന്നെ ഉണര്‍ത്തി.
ഉമ്മ:"മോന് നോമ്പ് നോക്കുന്നില്ലേ...,വാ നമുക്ക് അത്താഴം കഴിക്കാം"
അതെന്താ സംഭവം എന്ന് മനസിലായില്ലെങ്കിലും ഞാന്‍ ഉമ്മാടെ പിന്നാലെ നടന്നു. എല്ലാവരും മേശക്കു ചുറ്റും ഇരികുന്നുണ്ട്. അവരുടെ ഇടയില്‍ കയറി ഇരുന്ന് ഞാനും ഭക്ഷണം കഴിച്ചു. ഉമ്മ എനിക്ക് നിയ്യത് പറഞ്ഞു തന്നു. ഞാന്‍ അത് ഏറ്റു ചൊല്ലി. സുബഹി ബാങ്ക് കൊടുത്തപ്പോള്‍ ഞാനും ഉപ്പാടെ കൂടെ പള്ളിയില്‍ പോയി.
അങ്ങനെ എന്റെ ആദ്യ നോമ്പ് ആരഭിച്ചിരിക്കുന്നു. രാവിലെ കൂട്ടുകാര്‍ കളിക്കാന്‍ വിളിച്ചപ്പോള്‍ ഞാന്‍ ഗമയില്‍ പറഞ്ഞു "ഞാന്‍ ഇല്ലെട,എനിക്ക് ഇന്ന് നോമ്പ് ആണ്" അവരെല്ലാരും എന്നെ അത്ഭുതത്തോടെ നോക്കി. ഞാന്‍ വലിയ ആളെ പോലെ അങ്ങനെ നിന്നു. പക്ഷേ ആ സന്തോഷവും ഗമയും ഒന്നും അധിക നേരം ഉണ്ടായില്ല. കാരണം എന്റെ കുഞ്ഞു വയറില്‍ വിശപ്പ് ഉണെരാന് തുടങ്ങിയിരുന്നു. ഉച്ച ആയപ്പോഴേക്കും വിശപ്പ് സഹിക്കാന്‍ പറ്റാതെ ആയി. ഞാന്‍ പതിയെ ഉമ്മാടെ അടുത്ത് പോയി ഇരുന്നു.
"ഉമ്മാ എനിക്ക് വിശക്കുന്നുണ്ട്" ഞാന്‍ പറഞ്ഞു.
ഉമ്മ:"മോന്ക്ക് വല്ലതും കഴിക്കണോ??"
"ഉം" ഞാന്‍ ഒന്ന് മൂളി.
ഉമ്മ:"പക്ഷേ കഴിച്ചാല്‍ നോമ്പ് മുറിയും ട്ടൊ."
കുഞ്ഞു വയറില്‍ വിശപ്പ് സഹിക്കാന്‍ പറ്റാത്ത സങ്കടം ഒരു ഭാഗത്ത്. ഭക്ഷണം കഴിച്ചാല്‍ നോമ്പ് നഷ്ട്ടപെടുമല്ലോ എന്ന സങ്കടം മറു ഭാഗത്ത്. ഞാന്‍ ഒന്നും മിണ്ടാതെ പോയി കട്ടിലില്‍ കിടന്നു. കുറച്ച് കഴിഞ്ഞ് ഉമ്മ എന്റെ അടുത്ത് വന്നിരുന്നു.
ഉമ്മ:"മോന്ക് ഇപ്പോഴും വിശകുന്നുണ്ടോ???"
"ഉം",ഞാന്‍ വീണ്ടും ചെറുതായി ഒന്ന് മൂളി
ഉമ്മ:"എങ്കില്‍ മോന് പോയി ഒന്ന് കുളിച്ചിട്ട് വായോ, ഉമ്മ പത്തിരി ചുട്ട് തരാം"
കുളിച്ച് കഴിഞ്ഞപ്പോള്‍ ക്ഷീണം ഒക്കെ ഒന്ന് കുറഞ്ഞത് പോലെ. ഞാന്‍ അടുകളയില് പോയപ്പോള്‍ ഉമ്മ പത്തിരിക്കുള്ള പൊടി കുഴച്ചു വെച്ചിട്ടുണ്ടായിരുന്നു, എന്നോട് അതൊക്കെ ചെറിയ ഉരുളകളാക്കി കൊടുക്കാന്‍ പറഞ്ഞു.ഞാന്‍ എല്ലാം ചെറിയ ഉരുളകളാക്കി ഉമ്മാക്ക് കൊടുത്തു. ഉമ്മ പത്തിരി ചുടുന്നതിന് ഇടയില്‍ എന്നോട് പിന്നെയും ഓരോ പണികള്‍ പറഞ്ഞു കൊണ്ടിരുന്നു. ഉമ്മയും ഇത്താത്തമാരും പണി ചെയ്യുന്നതിനിടയില്‍ കൂടി നടന്ന് ഞാന്‍ ഉമ്മ പറഞ്ഞ പണികളൊക്കെ ചെയ്തു കൊടുത്തു. അതിനിടയില്‍ എപ്പോഴോ ഞാന്‍ എന്റെ വിശപ്പിന്റെ കാര്യം മറന്നു പോയി.
കുറച്ച് കഴിഞ്ഞപ്പോള്‍ ഭക്ഷണം എല്ലാം മേശമേല്‍ വിളമ്പി വച്ചു. എല്ലാവരും കൈ കഴുകി മേശക്ക് ചുറ്റുമായി ഇരുന്നു. ഏതാനും മിനിട്ടുകള്‍ കഴിഞ്ഞ് പള്ളിയില്‍ നിന്ന് ബാങ്ക് കൊടുക്കുന്നത് കേട്ടപ്പോള്‍ എല്ലാവരും ഭക്ഷണം കഴിക്കാന്‍ തുടങ്ങി, കഴിക്കുന്നതിന് ഇടയില്‍ ഉമ്മ പറഞ്ഞു,"അങ്ങനെ ജസീല്‍ മോന് ഇന്ന് ആദ്യത്തെ നോമ്പ് എടുത്തു".
ഉമ്മ പറഞ്ഞത് ശരി ആണല്ലോ, ഞാന്‍ ഇതു വരെ നോമ്പ് മുറിച്ചിട്ടുണ്ടായിരുന്നില്ല. ഉമ്മ പറഞ്ഞപ്പോഴാണ് ഞാന്‍ നോമ്പ് മുഴുവനായി എടുത്ത കാര്യം ഓര്‍ത്തത്, അപ്പൊ എന്നെ കൊണ്ട് പതിവില്ലാതെ പണി ഒക്കെ എടുപിച്ചത് ഞാന്‍ നോമ്പ് മുറിക്കാതിരിക്കാന്‍ വേണ്ടിയുള്ള ഉമ്മാടെ സൂത്രം ആയിരുന്നു അല്ലെ! ഹ്ഹോ, എന്തായാലും ഞാന്‍ അങ്ങനെ ആദ്യമായി ഇന്ന് ഒരു നോമ്പ് എടുത്തിരിക്കുന്നു. മനസ്സില്‍ ഒരായിരം പൂത്തിരികളൊരുമിച്ചു കത്തി ,എന്തോ ഒരു വല്ലാത്ത സന്തോഷം.
രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഞാന്‍ പറഞ്ഞു "ഉമ്മാ, ഞാന്നാളെയും നോമ്പ് എടുകുന്നുണ്ട് ട്ടൊ"
ഉമ്മ ചെറുതായി ഒന്ന് മൂളി,"മോന് ഉറങ്ങിക്കൊട്ടൊ, ഉമ്മ അത്താഴത്തിന് വിളിക്കാം." അത് പറയുമ്പോള്‍ ഉമ്മാടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു സന്തോഷം ഉണ്ടായിരുന്നു, ഞാന്‍ ഉറങ്ങാനായി ഉമ്മാനെ കെട്ടിപിടിച്ച് കണ്ണുകളടച്ച് കിടന്നു.
സസ്നേഹം
ജസിൽ മുഹമ്മദ്