ഒരു ആനക്കുട്ടി ഉണ്ടാക്കിയ കഥ




കഥാപാത്രങ്ങള്‍ : ഫാസില്‍,അഫ്സല്‍,ഹാഷിക്ക്,പിന്നെ ഞാനും.

വിശാലമായ ഒരു പാടത്തിന്‍റെ അരികെ ആയിരുന്നു ഞങ്ങളുടെ സ്കൂള്‍...ഞങ്ങള്‍ക്ക് എന്നും അനുഗ്രഹമായിരുന്ന പാടം. വിനയന്‍സാറിന്‍റെ മാത് സും, അജിത മിസ്സിന്‍റെ കെമിസ്ട്രിയും ഒക്കെ കേട്ട് ഒന്നും മനസ്സിലാവാതെ ക്ലാസ്സില്‍ഇരുന്ന് തല പുകയുമ്പോള്‍ചുമ്മാ പാടവും നോക്കി ഇരിക്കാന്‍ഒരു പ്രത്യേക സുഖമാണ്‌.എന്താ പറയാ.....മരുഭൂമിയില്‍ദിക്കറിയാതെ അലയുന്ന യാത്രക്കാരന് മുന്നില്‍ഒരു മരീചിക കാണുമ്പോള്‍ഉണ്ടാവുന്ന ആ അനുഭൂതി  ഉണ്ടല്ലോ.....,ആ ലെത് ദേ ഇവിടെ കിട്ടും.

അങ്ങനെ അവിടെ ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന കാലം....., അന്ന് പബ്ലിക്‌ഹോളിഡേ ആയിരുന്നിട്ടും ഒരു മിസ്സ് ഫുള്‍ഡേ സ്പെഷ്യല്‍ക്ലാസ്സ്‌വെച്ചു....,അത് അല്ലെങ്കിലും ഈ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ക്ക് ബോര്‍അടിക്കുമ്പോള്‍സ്പെഷ്യല്‍ക്ലാസ്സ്‌,പ്രൊജക്ട് വര്‍ക്ക്‌എന്നൊക്കെ പറഞ്ഞ് കുട്ടികളെ ബുദ്ധിമുട്ടിക്കുന്നത് നല്ല രസം ഉള്ള ഒരു ഏര്‍പ്പാടാണല്ലോ.പണ്ടാരം അടങ്ങാന്‍അഥവാ പോയില്ലെങ്കില്‍ നല്ല എട്ടിന്‍റെ പണിയും കിട്ടും.

അങ്ങനെ അന്ന് സ്പെഷ്യല്‍ക്ലാസ്സിന് പോയപ്പോഴാണ് ആ സംഭവം അറിഞ്ഞത്. പാടത്തിനു കുറുകെ വെള്ളം നിറഞ്ഞ് ഒഴുകുന്ന ഒരു  ബണ്ട് ഉണ്ട്. ആ ബണ്ടില്‍രാവിലെ മുതല്‍ഒരു ആനക്കുട്ടി കാലുകള്‍ചെളിയില്‍താഴ്ന്ന് കയറാന്‍പറ്റാതെ നില്‍പുണ്ടെന്ന്. രാവിലെ പാപ്പാന്‍‌കുളിപ്പിക്കാന്‍കൊണ്ട് വന്നപ്പൊ പറ്റിയതാത്രേ......,രാവിലെ മുതല്‍ പാപ്പാനും നാട്ടുകാരും കൂടി അവനെ കരക്ക് കയറ്റാന്‍  കിണഞ്ഞ് ശ്രമിച്ചിട്ടും ഒരു രക്ഷയും ഇല്ല പോലും.....  എന്നാ പിന്നെ ആ ആനക്കുട്ടിയെ ഒന്ന് പോയി കണ്ടാലോ എന്ന് ഫാസിലിന് ഒരു പൂതി. അവന്‍റെ പൂതി കേട്ടപ്പൊ കൊള്ളാം എന്ന് ഞങ്ങള്‍കും തോന്നി.കാലുകള്‍പകുതി താഴ്ന്ന് പോയി എന്നൊക്കെ കേട്ടപ്പൊ കാണാന്‍ ഒരു കൌതുകം. അങ്ങനെ നൂണ്‍ഇന്‍റര്‍വെല്‍ന് പോവാം എന്ന് നാല് പേരും കൂടി പ്ലാന്‍ ഇട്ടു.       

പക്ഷേ ചുമ്മാ അങ്ങ് പോവാന്‍ പറ്റില്ലല്ലോ. സ്കൂളിനു ചുറ്റും വേലി ഉണ്ട്. അത് ചാടി കടന്ന് പോയി ആനകുട്ടിയെ കണ്ടിട്ട് വരാന്‍ വലിയ പണി ഒന്നും ഇല്ല. പക്ഷേ പോവുന്നത് ഏതെങ്കിലും ടീച്ചര്‍മാര്‍കണ്ടാ പണി പാളും. ഗുരുത്വ ദോഷം പറയരുതല്ലോ ചന്ദ്രബാബുസര്‍ന്‍റെ ഒക്കെ ചന്തിക്കുള്ള അടി രണ്ടെണ്ണം കിട്ടിയാ മതി, സ്വര്‍ഗവും നരകവും ഒരുമിച്ചു കണ്മുന്‍പില്‍കാണാം. ...,ഹൌ അങ്ങനെ ഈ ചെറിയ പ്രായത്തിനുള്ളില്‍എത്ര സ്വര്‍ഗ നരകങ്ങള്‍ കണ്ടിരിക്കുന്നു. അടി കിട്ടി കഴിഞ്ഞാ അതിനേക്കാള്‍ വലിയൊരു കലിപ്പ് വരാന്‍ ഉണ്ട്.....,ക്ലാസ്സില്‍ പെണ്‍പിള്ളേര്‍ ഒക്കെ ഉള്ളത് കൊണ്ട് ഒന്ന് തുടക്കാനും പറ്റാതെ പല്ലും കടിച്ചു പിടിച്ച് നില്‍കുമ്പോള്‍ ചില അവള്‍മാര്‍ ഉണ്ടാവും മുഖത്ത് നോക്കി ഒരു മറ്റേടത്തെ ചിരി ചിരിക്കുന്നു.അതങ്ങ് കണ്ടാ മനസ്സില്‍ അറിയാതെ വിളിച്ച് പോവും, പോടി ...........ന്‍റെ മോളേ.


വീണ്ടും സ്വര്‍ഗനരകങ്ങള്‍ കാണാനും,മനസ്സില്‍ ആണെങ്കില്‍ കൂടി പെണ്‍പിള്ളേരുടെ തന്തക്ക് വിളിക്കാന്‍ താല്പര്യം ഇല്ലാത്തത് കൊണ്ടും ഉച്ചക്ക് ളുഹര്‍ നമസ്കരിക്കാന്‍ പള്ളിയില്‍ പോവുമ്പൊ അത് വഴി അങ്ങ് സ്കൂട്ടാവാം എന്ന് വെച്ചു. അതാണ്‌ മൊത്തത്തില്‍ സൈഫ്.

അങ്ങനെ പ്ലാന്‍ചെയ്ത പോലെ തന്നെ പള്ളി വഴി പാടത്ത് ഇറങ്ങി വരമ്പിലൂടെ പതിയെ നടന്നു. പാടത്ത് ആകെ വെള്ളവും  ചെളിയും ഒക്കെ ആയിരുന്നത് കൊണ്ട് വഴുക്കി എങ്ങാനും വീണാല്‍ എട്ടിന്‍റെ പണി കിട്ടും എന്ന് അറിയാമായിരുന്നു.....,കുറച്ചു ദൂരം നടന്നിട്ട് എല്ലാവരും ഷര്‍ട്ട്‌ ഊരി കയ്യില്‍പിടിച്ചു....,അഥവാ സ്കൂളില്‍നിന്ന് ആരെങ്കിലും നോക്കിയാല്‍ അവിടുത്തെ കുട്ടികള്‍ ആണ് എന്ന് മനസിലാവാന്‍ പാടില്ലല്ലോ.....,അങ്ങനെ അവിടെ പോയി നമ്മുടെ ഹൈലൈറ്റ് ആയ ആനകുട്ടിയെ കണ്ടു.....,ഒരു സാധു മിണ്ടാപ്രാണി വെള്ളത്തില്‍നില്ക്കുന്നുണ്ട്......,കുറേ പേര്‍ ആത്മാര്‍ഥമായി ആനക്ക് വടം ഇട്ടു കൊടുത്ത് കയറ്റാന്‍ ശ്രമിക്കുന്നു.




വേറെ കുറേ പേര്‍"ടാ നോക്കെടാ ആനക്കുട്ടി താഴ്ന്നു എന്നൊക്കെ പറഞ്ഞ് എന്തോ നല്ല കോമഡി സംഭവിച്ച പോലെ ഇരുന്ന് ചിരിക്കുന്നു. ഇരിക്കുന്നവര്‍ ഇടയ്ക്കിടെ ആനക്കുട്ടിയെ കയറ്റാന്‍ശ്രമിക്കുന്നവരെ നോക്കി ഓരോ കമന്‍റ്കളും പാസ്‌ആക്കുന്നുണ്ട്.,"സുലൈമാനെ ഇജ്‌ ഇന്നല്ലെ കഞ്ഞിവെള്ളം കുടിച്ചില്ലേ??അന്‍റെ വലിക്കൊന്നും ഒരു ഊക്ക് പോരല്ലോ","ഷുക്കൂറെ,ഇജ് എന്താടാ കയറു പിടിച്ച് സര്‍ക്കസ് കളിക്കുന്നാ,വലിക്കാന്‍ അറിയില്ലെങ്കി പോയി വേറെ വല്ല പണിയും നോക്കെടാ" എന്നൊക്കെ പറഞ്ഞ് ഇരിക്കുന്നവര്‍എല്ലാവരും കൂടി പണി എടുക്കേം ഇല്ല എടുപ്പികേം ഇല്ല എന്ന മനോഹരമായ സ്കീം അപ്ല ചെയ്യുന്നുണ്ട്. ഇപ്പുറത്ത് പാപ്പാന്‍‌ കേറെടാ എന്നും പറഞ്ഞ് ആനക്കിട്ട് നല്ല മുട്ടന്‍വടിയുമായി ഒന്നൊന്നര വീക്ക് ചടപെടാ കൊടുക്കുന്നു......, ഏതാണ്ട് ഞങ്ങളുടെ അവസ്ഥ തന്നാ ആനക്കുട്ടിക്കും, എത്ര തല്ലിയാലും മതി വരാത്ത ചില ടീച്ചര്‍മാര്‍,ഞങ്ങള്‍ക്ക് അടി കിട്ടുമ്പൊ മാത്രം മുഖത്ത്‌ പുഞ്ചിരി വിടരുന്ന കുറേ പെണ്‍പിള്ളേര്‍......ഹാ പിന്നെ ആകെ ഉള്ളൊരു ആശ്വാസം എപ്പൊ അടി വാങ്ങുമ്പോഴും ഇവന്മാര്‍ എല്ലാരും കൂടെ ഉണ്ടാവുന്നതാ.

എന്തൊക്കെ തന്നെ ആയാലും അത് വരെ പോയി ആനകുട്ടിയെ കണ്ടതില്‍ ഒരു സന്തോഷം. അങ്ങനെ ഷര്‍ട്ട്‌ ഒക്കെ ഇട്ടിട്ട് പലതും സംസാരിച്ച് ഞങ്ങള്‍ തിരിച്ച് നടക്കാന്‍ തുടെങ്ങി.

അഫ്സല്‍:"ഹ്ഹോ എന്നാലും ആ ആനക്കുട്ടിയെ സമ്മതിക്കണം ട്ടാ....,നമ്മള്‍ഇവിടെ ഈ എട്ട് കൊല്ലം കൊണ്ട് വാങ്ങിച്ചു കൂട്ടിയ അത്ര അടി അല്ലെ അവന്‍ ഒറ്റ നില്പില്‍ വാങ്ങി കൂട്ടുന്നെ."

ഹാശിക്:"ഈ ചെറുതിന് വേദന ഒന്നും ഉണ്ടാവില്ലെ??ഇമ്മാതിരി അടി ആണ് നമ്മളെ അടിക്കുന്നതെങ്കി ഞാന്‍ ചിലപ്പോള്‍ പ്രിന്‍സിപല്‍ ആണെങ്കിലും തിരിച്ച് അടിക്കും,അല്ല പിന്നെ."

ജസില്‍:"ചുമ്മാതല്ല ഇടയ്ക്കിടെ ഓരോ ആനകള് പാപ്പാന്മാരെ തീര്‍ക്കുന്നെ.എന്നിട്ട് കുറ്റം മുഴുവന്‍ പാവം ആനക്കും. ഇങ്ങനെ ഒറ്റ നില്പില്‍പത്തിരുന്നൂറ് സ്വര്‍ഗനരകം ഒക്കെ കാണിച്ചുകൊടുത്താ ആര്‍ക്കായാലും ഒന്ന് കുത്തി കൊല്ലാന്‍ഒക്കെ തോന്നും."

അങ്ങനെ പലതും പറഞ്ഞ് നടന്ന് സ്കൂള്‍ എത്താന്‍ ആയപ്പോഴാണ് ഞങ്ങള്‍ ആ സംഭവം കണ്ടത്. നേരത്തെ കണ്ട ആനയെ ഓര്‍മിപ്പിക്കുമാറ് ഒരു വലിയ രൂപം വരാന്തയില്‍ ഞങ്ങളെ തന്നെ നോക്കി നില്‍ക്കുന്നു. സൂക്ഷിച്ച് നോക്കിയപ്പൊ മനസ്സിലായി അത് ഞങ്ങടെ പ്രിന്‍സിപള്‍ രമാഭായി മിസ്സ്‌ ആണെന്ന്. മിസ്സിനെ കണ്ട പാടേ തന്നെ അഫ്സല്‍ "അളിയാ വിട്ടോടാ" എന്നും പറഞ്ഞ് തിരിഞ്ഞോടി. പിന്നാലെ ഞങ്ങളും....,ഓടുമ്പൊ എല്ലാരുടേയും മനസ്സില്‍ഒരു പ്രാര്‍ഥനയേ ഉണ്ടായിരുന്നൊള്ളൂ....."പടച്ചോനേ മിസ്സ് കണ്ണട വെക്കാന്‍മറന്നിട്ടുണ്ടാവണേ"........ അങ്ങനെ ഓടി ഓടി അവസാനം സ്കൂളിന്‍റെ പിന്നിലൂടെ വേലി ചാടി ഒരു വിധം ക്ലാസ്സില്‍എത്തി.


അങ്ങനെ ക്ലാസ്സ്‌ നടക്കുന്നതിനിടയില്‍ രമ മിസ്സും സൌമിനി മിസ്സും കൂടി ക്ലാസ്സില്‍ വന്നു. ...,ഭാഗ്യം,മിസ്സ് കണ്ണട വെച്ചിട്ടില്ല.മിസ്സ് പാടത്തേക്ക് ഇറങ്ങിയ നാല് പേരും എണീറ്റ്‌ നില്‍ക്കാന്‍ പറഞ്ഞു.ഞങ്ങള്‍ നാല് പേരും പരസ്പരം ഒന്ന് മുഖത്തോട് മുഖം നോക്കി അവിടെ തന്നെ ഇരുന്നു കൊടുത്തു. കാരണം മിസ്സിന് ഞങ്ങള്‍ടെ മുഖം മനസിലായിട്ടുണ്ടാവില്ല എന്ന് ഏറെ കുറേ ഉറപ്പാണ്. അങ്ങനെ ഞങ്ങള്‍ സത്യം പറയില്ല എന്ന് മനസ്സിലായപ്പൊ മിസ്സ് മിസ്സിന്‍റെ പഴയ അടവ് തന്നെ എടുത്തു."ഇറങ്ങിയ ആളുകള്‍ ആരൊക്കെ ആണെന്ന് ഞങ്ങള്‍ക്ക് മനസിലായിട്ടുണ്ട്,നിങ്ങളായിട്ട്‌സത്യം പറഞ്ഞാ കിട്ടുന്ന അടിടെ എണ്ണം കുറയ്ക്കാം.മര്യാദക്ക് സത്യം പറയുന്നതാ നല്ലത്" എന്നൊക്കെ ഉള്ള സ്ഥിരം ഡയലോഗ്സ്.

"ഓ പിന്നേ....,ഞങ്ങള് ഇതൊക്കെ കുറേ കണ്ടെതാ മിസ്സേ, മിസ്സിന്‍റെ പൂതി മാറുവോളം അടിച്ചിട്ട് അവസാനം നിങ്ങള്‍ക്ക് ഇതൊന്നും തന്നാ പോര,പിന്നെ സത്യം പറഞ്ഞത് കൊണ്ട് മാത്രം ഇതേ തരുന്നൊള്ളൂ എന്നും പറഞ്ഞ് പറ്റിക്കാന്‍ അല്ലെ, അതങ്ങ് കയ്യില്‍വെച്ചേച്ചാ മതി. എന്‍റെ മിസ്സേ,ഞങ്ങള് ഇപ്പൊ പഴയ ആ രണ്ടാം ക്ലാസ്സിലെ അപ്പാച്ചി വെട്ടി നിക്കറും ഇട്ട് നടക്കുന്ന കിളിന്ത്‌പിള്ളേരൊന്നും അല്ല. അന്നത്തെ ആ കുട്ടികള്‍ഒക്കെ ഇപ്പൊ അങ്ങ് വളര്‍ന്നു വലുതായി, ഹും ഇത്ര പ്രായമായിട്ടും മിസ്സ് പണ്ടത്തെ കുട്ടികളെ പറ്റിക്കുന്ന ഏര്‍പ്പാടുമായി പിന്നേം ഇറങ്ങിയിരിക്കാ..." എന്നൊക്കെ മനസ്സില്‍വിചാരിച്ച് ഞങ്ങള്‍നിഷ്കളങ്കരെ പോലെ  ഇരുന്ന് കൊടുത്തു.

പഴയ അടവ് വേണ്ടത്ര ഏറ്റില്ല എന്ന് കണ്ടപ്പൊ മിസ്സ് അടവൊന്ന് മാറ്റി പിടിച്ചു. മിസ്സ് പോവാന്‍ചാന്‍സ് ഉള്ള ഒരു 7-8 ബോയ്സിനോട് അവരാണോ എന്ന് ചോദിച്ചു.....,കഷ്ട്ടകാലത്തിനു അതില്‍ ഞങ്ങള്‍ നാല് പേരും ഉണ്ടായിരുന്നു......ബൈ ദി ബൈ സംഭവം എന്തൊക്കെ ആയാലും നമ്മക്ക് പുല്ലാ.വളരെ നൈസ് ആയിട്ട് "ഏയ് ഞാന്‍ അല്ല മിസ്സ്" എന്ന് പറഞ്ഞ് ഇരിക്കാവുന്നതല്ലേ ഉള്ളൂ.....,ഹൊ നമ്മള് ഏതാ മൊതല്.

അങ്ങനെ മിസ്സിന്‍റെ 20 വര്‍ഷം പഴക്കമുള്ള ഓള്‍ഡ്‌ ട്ട്രിക്സ്‌ ഒന്നും ന്യൂ ജനറേഷന്‍പിള്ളേരുടെ അടുത്ത് വില പോവില്ല എന്ന സത്യം മനസിലാക്കി മിസ്സ് നിരാശ പെട്ട് ഇരിക്കുമ്പൊ ആണ് അത് വരെ സൈലന്‍റ് ആയി നിന്നിരുന്ന സൌമിനി മിസ്സിന്‍റെ രംഗ പ്രവേശം. കുറേ നേരമായി ഫാസിലിന്‍റെ കാലില്‍നോട്ടമിട്ടിരുന്ന മിസ്സിന്‍റെ ഫസ്റ്റ് കൊസ്റ്റ്യന്‍വന്നു. "ഫാസിലിന്‍റെ കാലില്‍ എവിടുന്നാ ഇങ്ങനെ ചെളി ആയെ, ഇങ്ങനത്തെ കറുത്ത ചെളി പാടത്ത് മാത്രമല്ലേ കാണൂ.

ഹ്ഹോ പണി എന്നാലും ഞങ്ങള്‍ക്കെല്ലാം ഇഷ്ട്ടപെട്ട സൌമിനി മിസ്സിന്‍റെ രൂപത്തില്‍ വരും എന്ന് സ്വപ്നത്തില്‍പോലും വിചാരിച്ചില്ല.മിസ്സ് വളരെ നൈസ് ആയിട്ട് പണി പാലും വെള്ളത്തില്‍ കലക്കി തന്നു.

ഞങ്ങള്‍ പിന്നെ നമ്മടെ സ്വന്തം ചെക്കന്‍ അല്ലെ, അവന്‍ എന്തെങ്കിലും ഒക്കെ പറഞ്ഞ് ആഡ്ജസ്റ്റ്‌ ചെയ്തോളും എന്ന് കരുതി ആശ്വസിച്ചു.

പക്ഷേ.....

ആ പരമ ദ്രോഹി എണീറ്റ്‌ നിന്നിട്ട് ഒരു കോപ്പിലെ ചിരിയും ചിരിച്ചിട്ട്,"അത് മിസ്സേ ആ ബണ്ടിന്‍റെ അവിടെ ഒരു പാവം ആനക്കുട്ടി കാലുകള്‍ ചെളിയില്‍ താഴ്ന്ന് കയറാന്‍ പറ്റാതെ നില്പ്പുണ്ട്. അതിനെ ഒന്ന് നോക്കാന്‍പോയതാ."

അത് കേട്ടതും രമ മിസ്സ് അവന്‍റെ അടുത്ത് പോയിട്ട് മിസ്സിന്‍റെ സ്ഥിരം മുന്‍പിലത്തെ 6 പല്ലുകള്‍കാട്ടി ഉള്ള ചിരി ചിരിച്ചിട്ട് ചോദിച്ചു,"മോന്‍റെ കൂടെ ആരൊക്കെ ഉണ്ടായിരുന്നു??"

ഫാസില്‍:"അത് നമ്മടെ ജസിലും,അഫ്സലും,ഹാഷികും ആണ് മിസ്സെ,ആ കള്ള പന്നി വിനീതനായി കൊണ്ട് പറഞ്ഞു.

അങ്ങനെ ഞങ്ങള്‍ 4 പേരെയും നീക്കി നിര്‍ത്തി, ഞങ്ങള്‍ 3 പേരോടും ആയി ചോദിച്ചു,"മക്കള്‍ നേരത്തെ നിങ്ങള്‍ അല്ല എന്ന് എന്തിനാ കള്ളം പറഞ്ഞെ".പ്രത്യേകിച്ച് ഒന്നും ചെയ്യാനും പറയാനും ഇല്ലാത്തത് കൊണ്ട് ഞങ്ങള്‍ മിസ്സിന്‍റെ മുഖത്ത്‌ നോക്കി നന്നായി ഒന്ന് ചിരിച്ച് കൊടുത്തു. ചിലപ്പൊ മിസ്സിന് ഒരു അലിവ് തോന്നിയാലോ....,ആ നില്‍പ്പന്നെ ഓര്‍മ ഉള്ളൂ.....,"നിനക്കൊക്കെ എന്തെങ്കിലും പറ്റിയാ നിന്‍റെ ഒക്കെ വീട്ടുക്കാരോട് ഞങ്ങള്‍ വേണ്ടെടാ സമാധാനം പറയാന്‍" എന്നൊരു ഡയലോഗും ഇട്ടിട്ട് മിസ്സ് മിസ്സിന്‍റെ പണി തുടെങ്ങി കഴിഞ്ഞിരുന്നു........,ട്ടൊ ട്ടൊ ട്ടൊ.......ട്ടൊ ട്ടൊ, ഞങ്ങള്‍ക്ക് 3 പേര്‍ക്കും അടി വാരി കോരി തന്നു. പക്ഷേ ആ ദ്രോഹിക്കു ഒരു ചെറിയ അടി മാത്രം കൊടുത്തിട്ട് മിസ്സ് പറഞ്ഞു,"നീ സത്യം പറഞ്ഞത് കൊണ്ട് ഇതേ തരുന്നൊള്ളൂ എന്ന്. അന്നേരത്തും ഉണ്ടായിരുന്നു അവന്‍റെ മുഖത്ത്‌ആ കോപിലെ ചിരി....

[നോട്ട്:വാത്സല്യം നിറഞ്ഞ തലോടല്‍കൊണ്ടും, കൊച്ചു കൊച്ചു ശാസന കൊണ്ടും,നല്ല ഊക്കന്‍തല്ലുകള്‍കൊണ്ടും എന്നെ നല്ല ഒരു മനുഷ്യന്‍ ആക്കി തീര്‍ത്ത എന്‍റെ എല്ലാ അദ്ധ്യാപകന്‍മാര്‍ക്കും പ്രണാമം. ഇവിടെ നിങ്ങളെ പറ്റി ഒക്കെ എഴുതിയപ്പോ ആ ഫ്ലോവില്‍ അങ്ങ് എഴുതി പോയി എന്നേ ഉള്ളൂ. എഴുതിയതില്‍ എവിടെയെങ്കിലും ചെറുതായെങ്കിലും നിങ്ങളുടെ ആ വലിയ മനസ്സ് വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്.]

സമര്‍പ്പണം:എന്നും തല്ലുകള്‍ വാങ്ങാനും തല്ലുകള്‍ കൊടുക്കാനും കുട്ടിക്കാലത്ത് എന്‍റെ കൂടെ തന്നെ ഉണ്ടായിരുന്ന എന്‍റെ പ്രിയപ്പെട്ട എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും വേണ്ടി.



സസ്നേഹം
ജസില്‍.