"ഉമ്മാ, ഞാന്നാളെയും നോമ്പ് എടുകുന്നുണ്ട് ട്ടൊ"


( മീഡിയ വണ്‍ വെബിൽ പ്രസിദ്ധീകരിച്ച കഥ )


അന്ന് എനിക്ക് ഒരുപാട് അത്ഭുതങ്ങള്‍ നിറഞ്ഞ ഒരു ദിവസം ആയിരുന്നു. രാവിലെ എഴുന്നേറ്റ് മുഖം ഒക്കെ കഴുകി ഉമ്മാടെ അടുത്ത് പോയപ്പോള്‍ ഉമ്മ വേഗം ഒരു ചെറിയ പത്തിരി ചുട്ട് എന്റെ കുഞ്ഞു സ്റ്റീല്‍ പാത്രത്തില്‍ വെച്ചു തന്നു.

ഉമ്മ:"മോന്‍ കഴിച്ചോളൂ ട്ടൊ"

ഞാന്‍ അത്ഭുതത്തോടെ ഉമ്മാടെ മുഖത്ത് നോക്കി. എന്നും ഞാനും ഉമ്മയും ഉപ്പയും ഇക്കയും ഇതാത്തമാരും വെല്ല്യുമ്മയും ഒക്കെ കൂടി ഒരുമിച്ചാണ് ഭക്ഷണം കഴിക്കാറ്.എന്നാല്‍ ഇന്ന് മാത്രം എന്താ ഇങ്ങനെ?? എല്ലാവരും കൂടി ഇനി എന്നെ കൂട്ടാതെ കഴിച്ചു കാണുമോ??
"ഉമ്മാ,ഇക്കയും ഇതാത്തമാരും ഒക്കെ കഴിച്ചു കഴിഞ്ഞോ???"ഞാന്‍ ഒരല്പം സങ്കടത്തോടെ ചോദിച്ചു.

ഉമ്മ:"ഇല്ലെട,ഇന്ന് ഇവിടെ എല്ലാവര്ക്കും നോമ്പ് ആണ്"ഉമ്മ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.

"നോമ്പോ??എന്ന് പറഞ്ഞാ എന്തുവാ ഉമ്മാ ??"

ഉമ്മ:"അത് ഉമ്മാടെ പണി ഒക്കെ കഴിഞ്ഞിട്ട് പറഞ്ഞു തരാം.ഇപ്പൊ മോന്‍ അത് കഴിച്ചിട്ട് പോയി കളിചോളൂ ട്ടൊ."

ശ്ശെ, ഇങ്ങനെ ഒറ്റക്ക് ഇരുന്ന് കഴിക്കാന്‍ ഒരു രസവും ഇല്ല, എന്നത്തേയും പോലെ എല്ലാവരും കൂടി മേശയ്ക്ക് ചുറ്റും ഇരുന്ന് കഴിക്കാന്‍ എന്തൊരു രസം ആണെന്നോ. ഇടക്കിടെ ഉപ്പയോ ഇക്കയോ ഒക്കെ എന്തെങ്കിലും പറയുമ്പോള്‍ എല്ലാവരും കൂടി ചിരിക്കുന്നത് കാണാം.എന്തിനാണ് എല്ലാവരും കൂടി ഇങ്ങനെ ചിരികുന്നത് എന്നൊന്നും മനസിലായില്ലെങ്കിലും എല്ലാവരുടേയും മുഖത്തുള്ള ആ ചിരി കാണാന്‍ നല്ല രസമാണ്. പക്ഷേ ഇന്ന് മാത്രം എന്താ ഇങ്ങനെ??എന്തായിരിക്കും നോമ്പ് എന്ന് പറയുന്ന സംഗതി??ഒരു എത്തും പിടിയും കിട്ടുന്നില്ല.നോമ്പ് ആണെന്ന് പറഞ്ഞ് എല്ലാവരും കൂടി ഒന്നും കഴിക്കാതെ ഇരുന്നാല്‍ മനുഷ്യന്മാര്‍ മരിച്ച് പോവില്ലെ??ഇന്നാള് ചോറ് കഴിക്കാന്‍ സമ്മതിക്കാഞ്ഞെപ്പോള്‍ വല്യുമ്മ പറഞ്ഞതാ ഒന്നും കഴിക്കാതെ ഇരുന്നാല്‍ മനുഷ്യന്മാര് മരിച്ച് പോവും എന്ന്. എന്നിട്ട് ആ വെല്ല്യുമ്മ പോലും ഇപ്പോള്‍ ഒന്നും കഴിക്കാതെ ഇരികുന്നത് എന്താ??ഒരുപാട് ചോദ്യങ്ങള്‍ മനസില്‍ നിറഞ്ഞു.

പത്തിരി കഴിച്ചു കഴിഞ്ഞ് ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നടക്കുമ്പോളാണ് ഇക്ക ഇരുന്ന് പത്രം വായിക്കുന്നത് കണ്ടത്. ഇനി ഇക്കാനെ ഒന്ന് ദേഷ്യം പിടിപ്പിക്കാം എന്ന് കരുതി ഞാന്‍ അവിടെ കിടന്നിരുന്ന ഒരു കല്ല് എടുത്ത് ഇക്കക്ക് നല്ല ഒരു ഏറ് കൊടുത്തു. ഭാഗ്യത്തിന് കല്ല് കൃത്യം ഇക്കാടെ തലയില്‍ തന്നെ കൊണ്ടു. ഞാന്‍ വേഗം ഓടിയിട്ട് തിരിഞ്ഞ് നോകുമ്പോള്‍ ഇക്ക അവിടെ തന്നെ ഇരുന്ന് തല തുടക്കുന്നതാണ് കണ്ടത്., സാധാരണ ഞാന്‍ പോയി ഇങ്ങനെ എന്തെങ്കിലും കാണിച്ചാല്‍ എന്നെ അടിക്കാന്‍ വേണ്ടി ഇക്ക പിന്നാലെ ഓടി വരാറുള്ളതാണ്. ഇക്ക വന്നിട്ട് എന്നെ അടിക്കാന്‍ വേണ്ടി കൈ ഉയര്‍ത്തുമ്പോഴേക്കും ഞാന്‍"ഉമ്മാ ഇക്ക എന്നെ അടിച്ചു" എന്നും പറഞ്ഞു കരയും.ഉമ്മ ഓടി വന്ന് ഇക്കാനെ അടിക്കും,അടി കിട്ടിയത് തുടക്കുന്ന ഇക്കാനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ച് ഞാന്‍ ഓടും.പക്ഷേ ഇന്ന് മാത്രം എന്താ ഇങ്ങനെ....,ഇക്ക എന്നെ അടിക്കുക പോയിട്ട് ഒന്ന് വഴക്ക് പോലും പറഞ്ഞില്ലല്ലോ.എന്ത് കൊണ്ടായിരിക്കും അത് എന്ന് ആലോചിക്കുമ്പോഴാണ് ഇത്താത്ത ഇരുന്ന് മുടി കെട്ടുന്നത് കണ്ടത്.ഞാന്‍ ഓടി പോയി ഇത്താത്തടെ മുടിയില്‍ പിടിച്ച് വലിച്ചിട്ട് ഓടി,കുറച് ഓടി ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ ഇത്താത്ത "ടാ നിന്റെ കളി കുറച്ചു കൂടുന്നുണ്ട് ട്ടൊ,ഇനി കാണിച്ചാല്‍ ഞാന്‍ നല്ല അടി വെച്ചു തരും" എന്ന് പറഞ്ഞ് ചെറുതായി പുഞ്ചിരിച്ചു.